Pages

Monday, February 11, 2013

2012 ലെ മികച്ച ചലച്ചിത്രഗാനങ്ങൾ
#10 മൊഴികളും മൗനങ്ങളും  ...

പത്മശ്രീ സരോജ് കുമാർ എന്ന ചിത്രത്തിലെ മനോഹരമായ പ്രണയഗാനമാണ്‌ മൊഴികളൂം മൗനങ്ങളും. യുവസംഗീതസംവിധായകൻ ദീപക് ദേവിന്റെ സംഗീതം. കൈതപ്രത്തിന്റെ പ്രണയം തുളുമ്പുന്ന വരികൾ കൂടി ഒത്തുചേർന്നതോടെ 2012 ആദ്യ പകുതിയിൽ ഏല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റാൻ ഈ ഗാനത്തിനായി. തമിഴ് ഗാനങ്ങളിലൂടെ ശ്രദ്ധേയനായ യുവഗായകൻ ഹരിചരണും മഞ്ജരിയും ചേർന്നാണ്‌ ഈ ഗാനം ആലപിച്ചിരിക്കുന്നത്.  ഈ വർഷം ദീപക് ദേവ് സംഗീതം നല്കിയ 5 ചിത്രങ്ങളിൽ ഒന്നാണ്‌ സരോജ് കുമാർ. ഗ്രാന്റ്മാസ്റ്റർ, 101 വെഡ്ഡിംഗ്സ്, ചേട്ടായീസ്, ഐ ലവ് മി എന്നിവയാണ്‌ മറ്റ് ചിത്രങ്ങൾ. ഗ്രാന്റ് മാസ്റ്ററിലെ ‘അകലെയൊ നീ....’ എന്ന ഗാനം മികവ് പുലർത്തി. പറയാതെ അറിയാതെ എന്ന ഗാനത്തിനോട് സാദൃശ്യം ഉണ്ടെങ്കിൽ കൂടി നല്ലൊരു മെലഡി ആയി ഇതിനെ അംഗീകരിക്കാം. 101 വെഡ്ഡിംസിലെ ‘ചങ്ങാതീ’, ഐ ലവ് മി യിലെ ‘ദിവാനിശകൾ’ എന്നീ ഗാനങ്ങളും ശ്രദ്ധേയമായി. ഇതിൽ നിന്നെല്ലാം ‘മൊഴികളും   മൗനങ്ങളും’ ഒരു പിടി മുന്നിൽ നില്ക്കുന്നു. 

#9 കാർമുകിലിൽ ...

ബാച്ചിലർ പാർട്ടിയിലെ ഗാനം. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് യുവസംഗീതസംവിധായകൻ രാഹുൽ രാജ് ആണ്‌ ഈണം പകർന്നിരിക്കുന്നത്. ഈ വർഷം പിറന്ന ചുരുക്കം ചില മെലഡികളിൽ മികച്ചത്. ശ്രേയ ഗോശാലിന്റെ ശബ്ദമാധുര്യം വീണ്ടും മലയാളികൾ നെഞ്ചിലേട്ടുകയാണ്‌ ഈ ഗാനത്തിലൂടെ. ശ്രേയയ്ക്കൊപ്പം നിഖിൽ മാത്യൂ പാടിയിരിക്കുന്നു. മനോഹരമായ ചായാഗ്രഹണമാണ്‌ ഈ ഗാനത്തെ വ്യത്യസ്തമാക്കുന്നത്.  

#8 അനുരാഗത്തിൻ വേളയിൽ... 

2013 ലെ ഹിറ്റുകളിൽ ഒന്നായിരുന്നു ‘തട്ടത്തിൻ മറയത്ത്’. ചിത്രത്തിലെ ഈ ഗാനം പടം റിലീസ് ആവുന്നതിന്‌ മുൻപ് തന്നെ ഹിറ്റ്ചാർട്ടിൽ ഇടം നേടിയിരുന്നു. ഉമ്മച്ചിക്കുട്ടിയെ സ്നേഹിച്ച നായരുടെ കഥ പറഞ്ഞ ചിത്രത്തിലെ ‘അനുരാഗത്തിൻ വേളയിൽ’ എന്ന ഗാനം പ്രണയാതുരമാണ്‌. ചിത്രത്തിന്റെ സംവിധായകൻ ആയ വിനീത് ശ്രീനിവാസൻ ആണ്‌ ഗാനം ആലപിച്ചിരിക്കുന്നത്. ഷാൻ റഹ്മാന്റെ സംഗീതം. സംഗീതമയമായ ചിത്രത്തിന്റെ കഥ പറച്ചിലിൽ ഏറെ ഗുണം ചെയ്ത ഗാനമാണിത്. അതിനാൽ തന്നെ ചിത്രം ഇറങ്ങിയതിന്‌ ശേഷവും കുറേകാലം യുവാക്കൾ ഈ ഗാനത്തെ നെഞ്ചിലേറ്റി നടന്നു. വിനീത് ശ്രീനിവാസന്റേത് തന്നെയാണ്‌ വരികളും.ഈ വർഷം ഷാൻ റഹ്മാൻ ചെയ്ത ഏക ചിത്രമാണ്‌ ‘തട്ടത്തിൻ മറയത്ത്’. 


#7 കണ്ണിനുള്ളിൽ നീ കണ്മണി ...


ട്രിവാണ്ട്രം ലോഡ്ജിലെ മനോഹരഗാനം. എം. ജയചന്ദ്രന്റെ ഈണങ്ങൾക്ക് രാജീവ് നായറിന്റെ വരികൾ. മാസ്റ്റർ ധനൻഞ്ജയ്, ബേബി നയൻതാര എന്നിവർ അഭിനയിച്ചിരിക്കുന്ന ഗാനരംഗം ചിത്രത്തിന്റെ സംവിധായകൻ വി.കെ.പ്രകാശ് രസകരമായി ചിത്രീകരിച്ചിരിക്കുന്നു. ഗാനം ശ്രദ്ധേയമായത് ടി.വി യിലൂടെയും യൂ.ട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയയിലൂടെയും ആണ്‌. യുവഗായകൻ നജീം അർഷാദിന്റെ വേറിട്ട ശബ്ദം ഗാനത്തിന്‌ ഏറെ ഗുണം ചെയ്തു. ഏറെ കാലം ഹിറ്റ്ചാർട്ടിൽ ഒന്നാമതായിരുന്നു ഈ ഗാനം.  2011-ൽ വാദ്ധ്യാർ,റേസ് എന്നീ ചിത്രങ്ങളിലൂടെ മലയാളഗാനരചനാരംഗത്തേക്ക് കടന്നു വന്ന രാജീവ് നായർക്ക് തിളങ്ങാൻ കഴിഞ്ഞ വർഷമാണ്‌ 2012.വർഷമാദ്യം റിലീസ് ആയ ഓർഡിനറി സൂപ്പർഹിറ്റായപ്പോൾ ഇതിലെ ഗാനങ്ങൾ രചിച്ച രാജീവ് നായർക്ക് വലിയ അംഗീകാരം ആയി ഇതുമാറി. ചിത്രത്തിലെ വിദ്യാസാഗർ ഈണം പകർന്ന സുൻ സുൻ സുന്ദരി, എന്തിനീ മിഴി രണ്ടും എന്ന ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വന്ന ‘കണ്ണിനുള്ളിൽ ’ ഈ വർഷത്തെ ഹിറ്റുകളിൽ ഒന്നായി. ചേട്ടായീസിലെ ‘ഏറുനോട്ടമെന്തിന്‌ വെറുതെ’ എന്ന ഗാനവും ഹിറ്റായിരുന്നു. രാജീവ് നായർക്ക് 2013 ലും വിജയം കൈവരിക്കാനാവട്ടെയെന്ന് ആശംസിക്കുന്നു.

#6 കിളികൾ പറന്നതോ.. 

ട്രിവണ്ട്രം ലോഡ്ജിലെ തന്നെ മറ്റൊരു ഗാനം. പതിഞ്ഞ താളത്തിൽ എം.ജയചന്ദ്രൻ നല്കിയ ഈണത്തിന്‌ വരികൾ എഴുതിയിരിക്കുന്നത് റഫീക്ക് അഹമ്മദ്. പ്രണയവും നഷ്ടപ്പെടലിന്റെ വേദനയും ഇഴകിച്ചേർന്ന ഗാനം. മലയാളചലചിത്രഗാനശാഖയ്ക്ക് പുതുമുഖമായ രാജേഷ് കൃഷ്ണന്റെ മികച്ച ആലാപനം ഗാനത്തെ കൂടുതൽ ശ്രദ്ധേയമാക്കി. ഇതു കൂടാതെ ചട്ടക്കാരിയിലും രാജേഷ് പാടിയിട്ടുണ്ട്. മലയാളസംഗീത്തത്തിന്‌ കഴിഞ്ഞ കുറേ വർഷങ്ങളായി മികച്ച ഗാനങ്ങൾ എഴുതുന്ന റഫീക്ക് അഹമ്മദ് ഇത്തവണയും മികച്ച സംഭാവന നല്കിയിരിക്കുകയാണ്‌ ഈ ഗാനത്തിലൂടെ.  എം.ജയചന്ദ്രൻ കഴിഞ്ഞ വർഷം ഈണം പകർന്ന 8 ചിത്രങ്ങളിൽ ഒരുപാട് നല്ല ഗാനങ്ങൾ ഉണ്ടായിട്ടുണ്ട്. മലയാളത്തനിമയുള്ള ഗാനങ്ങൾ ചെയ്യുന്നതിൽ ഏറെ ശ്രദ്ധ ചെലുത്തുന്ന ഈ സംഗീതസംവിധായകൻ മറ്റുള്ളവരിൽ നിന്നും വേറിട്ട് നില്ക്കുന്നതും ഈ ഒരൊറ്റ കാരണത്താൽ ആണ്‌. മല്ലൂസിംഗ് എന്ന ചിത്രത്തിലെ ‘ചം ചം’ എന്നു തുടങ്ങുന്ന ഗാനം ഈയൊരു ഗണത്തിൽ പെട്ടതാണ്‌. പഞ്ചാബി ഈണങ്ങളൂം മലയാള ഗാനത്തിന്റെ ശൈലിയും സംയോജിപ്പിചിരിക്കുന്ന ഈ ഗാനത്തിലെ ഗാനഗന്ധർവ്വൻ യേശുദാസ് പാടിയ ഭാഗം മനോഹരമാണ്‌. ശ്രേയ ഗോഷാലിനെ മലയാളം പാടിപ്പിച്ച ജയചന്ദ്രൻ കഴിഞ്ഞ വർഷവും ഈ പതിവ് തുടർന്നു. ചട്ടക്കാരിയിലെ ‘നിലാവെ നിലാവെ’, 916 ലെ ‘നാട്ടുമാവിലൊരു മൈന’ എന്നീ ഗാനങ്ങളും ഹിറ്റായി. കൂടാതെ മൈ ബോസിലെ ഗാനങ്ങളും, ഈസ്റ്റ് കോസ്റ്റ് വിജയന്റെ പഴയ ഈണങ്ങൾ ആണെങ്കിൽ കൂടി നന്നായി അവതരിപ്പിച്ചു. മലയാളിത്തമു ഗാനങ്ങൾ ഇനിയും കേൾക്കാം, എം.ജയചന്ദ്രന്റെ സംഗീതത്തിൽ.

#5 മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകൾ...

 ഏറെകാലത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും രഞ്ജിത്തും ഒത്തുചേർന്ന ചിത്രമായ സ്പിരിറ്റിൽ നിന്ന്നുമുള്ളതാണ്‌ ഈ ഗാനം. താളമേളങ്ങളൊന്നുമില്ലാത്ത മനോഹരഗാനം. ഷഹബാസ് അമന്റെ സംഗീതം. ഗാനം ഇന്ത്യൻ റുപ്പിയിലെ ‘ഈ പുഴയും’ എന്ന ഗാനത്തെ ഓർമ്മിപ്പിച്ചു. വിജയ് യേശുദാസിന്റെ ശബ്ദമാധുര്യം കൂടുതൽ ലളിതമാക്കി. സിനിമയിൽ അനുയോജ്യമായ രീതിയിൽ ഗാനം ചിത്രീകരിച്ചിരിക്കുന്നു. ഇതിനെല്ലാം മുകളിൽ റഫീക്ക് അഹമ്മദിന്റെ കാവ്യാത്മകമായ പാട്ടിന്റെ വരികൾ മികച്ച് നില്ക്കുന്നു.

‘ഒരു ചുംബനത്തിനായി ദാഹം ശമിക്കാതെ
എരിയുന്ന പൂവിതൾത്തുമ്പുമായി
പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ
മധുരം പടർന്നൊരു ചുണ്ടുമായി
വെറുതെ പരസ്പരം നോക്കിയിരിക്കുന്നു
നിറമൗന ചഷകത്തിനിരുപ്പുറം നാം’

പാട്ടിന്റെ സൗന്ദര്യം തീർത്ത വരികൾ.

#4 മുത്തുച്ചിപ്പി പോലൊരു ...

തട്ടത്തിൻ മറയത്തിലെ സൂപ്പർഹിറ്റ് ഗാനം. അനു എലിസബത്ത് ജോസിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഷാൻ റഹ്മാൻ.യുവനടി രമ്യാ നമ്പീശൻ പിന്നണിഗായികയായി അരങ്ങേറിയ വർഷമായിരുന്നു 2012. വളരെ വ്യത്യസ്തമായ ശബ്ദം കൊണ്ട് ആദ്യത്തെ ഗാനം തന്നെ ശ്രദ്ധിക്കപ്പെട്ടു. ശരത്തിന്റെ സംഗീതത്തിൽ ഇവൻ മേഘരൂപൻ എന്ന ചിത്രത്തിനു വേണ്ടി നാടൻപാട്ടിന്റെ ശൈലിയുള്ള ‘ആണ്ടെ ലോണ്ടെ’ എന്ന ഗാനം ഹിറ്റായി. പിന്നീടായിരുന്നു തട്ടത്ത്തിൻ മറയത്തെ ഈ ഗാനം. പിന്നീട് ബാചിലർ പാർട്ടിയിലും രമ്യ ഒരു കൈ നോക്കി.ഇത്തവണ സ്വന്തം പാട്ടിന്‌ നൃത്തം വെച്ച ‘വിജനസുരഭി’ എന്ന ഗാനം യുവാക്കളെ ആകർഷിച്ചു. പിന്നണിഗായിക എന്ന നിലയിൽ മികച്ച്ച തുടക്കമാണ്‌ രമ്യക്ക് കിട്ടിയത്. ഈ ഗാനം രമ്യക്കൊപ്പം സച്ചിൻ വാര്യർ ആണ്‌ പാടിയിരിക്കുന്നത്. 2010 -ൽ വിനീത് ശ്രീനിവാസന്റെ തന്നെ മലർവാടി ആർട്സ് ക്ലബ്ബിലെ ‘മാന്യമഹാജനങ്ങളെ’ ആയിരുന്നു ആദ്യ ഗാനം. ഇതിൽ തന്നെ ‘ആയിരം കാതം’ എന്ന ഗാനവും സച്ചിന്റെ ശബ്ദത്തിലൂടെ കേട്ടു. 2011-ൽ മെട്രൊ എന്ന് ചിത്രത്തിൽ പാടിയെങ്കിലും ഗാനംവും സിനിമയും ശ്രദ്ധിക്കപ്പെട്ടില്ല. തട്ടത്തിൻ മറയത്തിലെ ‘മുത്തുചിപ്പി’, ‘തട്ടത്തിൻ മറയത്തെ പെണ്ണെ’ എന്നീ ഗാനങ്ങളിലൂടെ മലയാളത്തിലെ യുവഗായകരിൽ പ്രമുഖസ്ഥാനം നേടാൻ സച്ചിനു കഴിഞ്ഞു. ഷഹബാസ് അമന്റെ സംഗീതത്തിൽ ബാവൂട്ടിയുടെ നാമത്തിലും സച്ചിൻ പാടിയിട്ടുണ്ട്.  മുത്തുച്ചിപ്പിയിൽ നിന്നും വന്ന മനോഹരമായ വരികൾ എഴുതിയ അനുവിന്റെ കന്നി ചിത്രമാണ്‌ തട്ടത്തിൻ മറയത്ത്.
#3 നിലാ മലരെ... 

വിദ്യാസാഗർ മാജിക് ആണ്‌ ഈ ഗാനം. ദശകങ്ങളായി മലയ്യാളത്തിന്‌ എന്നൊന്നും ഓർക്കാനുള്ള നിരവധി ഗാനങ്ങൾ സമ്മാനിച്ച സംഗീതസംവിധായകന്റെ തിരിച്ചുവരവായിരുന്നു 2012. നിവാസ് (ശ്രീനിവാസ്) എന്ന പുതുമുഖഗായകന്റെ സ്വപ്നതുല്യമായ അരങ്ങേറ്റം.വിജയ് ടി വി യിലെ റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന നിവാസിന്റെ മാതൃഭാഷ തെലുങ്ക് ആണ്‌.മലയാളം ഒട്ടും അറിയാത്ത നിവാസിനെ മലയാളത്തിലെ വരികൾ പഠിപ്പിച്ച് പാടിക്കുകയായിരുന്നു. റഫീക്ക് അഹമ്മദിന്റെ വരികൾ അത്രയ്ക്ക് ലളിതമല്ലാതിരുന്നിട്ടും ചടുലമായ ഈണങ്ങൾക്കൊപ്പിച്ച് മനോഹരമായി നിവാസ് ഗാനം ആലപിച്ചു. മാണ്ഡ്‌ എന്ന രാഗത്തിൽ ക്ലാസ്സിക്കൽ സംഗീതത്തിന്റെ ചുവടുപിടിച്ചാണ്‌ ഈ ഗാനം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം സ്പാനിഷ് മസാല, ഓർഡിനറി, വൈഡൂര്യം, താപ്പാന എന്നീ ചിത്രങ്ങൾക്ക് സംഗീതം നിർവഹിച്ച് തിരിച്ചുവരവ്‌ നടത്തിയ വിദ്യാസാഗറിന്റെ ക്ലാസ്സിക്കുകളിൽ ഒന്നായി മാറി ‘നിലാമലരെ..’. നജീം അർഷാദും പുതുമുഖഗായിക അഭിരാമി അജയും ചേർന്നാലപിച്ച ഡയമണ്ട് നെക്ലേസിലെ ‘തൊട്ട് തൊട്ട്’ എന്ന ഗാനവും കുറേ കാലം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു.


#2 അഴലിന്റെ ആഴങ്ങളിൽ... 

നഷ്ടപ്രണയത്തിന്റെ പ്രതീകമാണ്‌ ഈ ഗാനം. തകർന്ന പ്രണയവുമായി നടക്കുന്ന യുവാക്കൾ നെഞ്ചിലേറ്റി നടന്ന ഈ പാട്ടിന്‌ വിഷാദത്തിന്റെ ഈണങ്ങൾ ചാലിച്ചത് മലയാളികളുടെ സ്വന്തം ഔസേപ്പച്ചൻ.ലാൽ ജോസിന്റെ 2012-ലെ മൂന്നാമത്തെ ചിത്രമായ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിൽ നായകന്‌ പ്രണയിനിയെ നഷ്‌ടപ്പെടുമ്പോൾ അനുഭവിക്കുന്ന വേദനയാണ്‌ ഗാനത്തിന്റെ വരികൾ അന്വർഥമാക്കുന്നത്. മനസ്സിൽ തറയ്ക്കുന്ന വരികൾ എഴുതിയിരിക്കുന്നത് വയലാർ ശരത് ചന്ദ്രവർമ്മയാണ്‌. പാട്ടിന്റെ എല്ലാ അർഥങ്ങളും അറിഞ്ഞ് ജോമോൻ ടി ജോൺ ക്യാമറയിൽ പകർത്തിയിരിക്കുന്നു. തൂക്കുപാലത്തിലൂടെ നായകനിൽ നിന്നും നായിക നടന്നു നീങ്ങുന്ന ആ ഒരൊറ്റ രംഗം മതി ചായഗ്രാഹകന്റെ കഴിവ് തിരിച്ചറിയാൻ. നിഖിൽ മാത്യൂവിന്റെ ആലാപനം ഗാനത്തെ അതിന്റെ പൂർണ്ണതയിലെത്തിച്ചു. മൂന്നാമതൊരാൾ എന്ന ചിത്രത്തിലെ ‘നിലാവിന്റെ തൂവൽ’ എന്ന മെലഡി പാടിയതിനു ശേഷം നിഖിൽ മാത്യുവിനെ തേടിയെത്തിയ വൈകി വന്ന വസന്തമായിരുന്നു.ഗാനമാണ്‌ ‘അഴലിന്റെ ആഴങ്ങളിൽ’.ഗാനത്തിന്റെ ഫീമെയ്ൽ വേർഷൻ പാടിയത് അഭിരാമി അജയ്.

‘പണ്ടെന്റെ ഈണം നീ മൗനങ്ങളിൽ
പതറുന്ന രാഗം നീ... എരിവേനലിൽ..
അത്തറായ് നീ പെയ്യും നാൾദൂരെയായ്...
നിലവിട്ട കാറ്റായ് ഞാൻ മരുഭൂമിയിൽ..
പൊങ്കൊലുസ്സ് കൊഞ്ചുമാ നിമിഷങ്ങളെൻ
ഉള്ളിൽ ക്യൂലുങ്ങിടാതെ... ഇനി വരാതെ..
നീ എങ്ങോ പോയി...’


#1 വാതിലിൽ ആ വാതിലിൽ 

സംഗീതോപകരണങ്ങൾ തീർത്ത മനോഹാരിതയാണ്‌ ഗോപീ സുന്ദർ ഈണം പകർന്ന ഉസ്താദ് ഹോട്ടലിലെ ഈ ഗാനം.ഹരിചരണ്ടെ ആലാപനം. റഫീക്ക് അഹമ്മദിന്റെ വരികൾ. ചിത്രത്തിലെ ‘അപ്പങ്ങളെമ്പാടും’ എന്ന ഫാസ്റ്റ് നമ്പർ ചിത്രം റിലീസ് ചെയുന്നതിനു മുൻപ് വമ്പൻ ഹിറ്റായിരുന്നു. എന്നാൽ അഞ്ജലി മേനോന്റെ തിരക്കഥ താരമായ ചിത്രത്തിൽ ഓരോ കഥാപാത്രങ്ങളും സിനിമയുടെ നട്ടെല്ലായി മാറിയപ്പോൾ ‘അപ്പങ്ങളെമ്പാടും’ എന്ന ഗാനത്തെ എല്ലാവരും മറന്നു തുടങ്ങി. ഇതിനിടയിലാണ്‌ സിനിമ കണ്ട ഓരോരുത്തരും തിലകന്റെ കൗമാരകാല പ്രണയം പറയുന്ന ‘വാതിലിൽ ആ വാതിലിൽ’ എന്ന ഗാനം ശ്രദ്ധിച്ച് തുടങ്ങുന്നത്. പിന്നീട് പതിയെ പതിയെ ആരാധകരുടെ എണ്ണം കൂടി. സുലൈമാനി കുടിചോർക്കെ അതിന്റെ രുചി അറിയൂ എന്ന ചിത്രത്തിലെ ഡയലോഗ് പോലെ പാട്ട് ഒരു വട്ടം കേട്ടപ്പോൾ തൊട്ട് ആ പാട്ടിന്റെ രുചിയിൽ, താളത്തിൽ അലിഞ്ഞു. ഗാനരംഗങ്ങളോട് ഒത്തുചേർന്ന വരികൾ, പാട്ടിനൊപ്പം വരുന്ന കോറസ്സ് ശബ്ദം അങ്ങനെ മനസ്സിൽ പതിയാൻ ഒരുപാട് കാരണങ്ങളാണ്‌ ഈ പാട്ടിന്‌. തിരക്കഥയിലെ ഒരു വലിയ ഭാഗം തന്നെയാണ്‌ ഈ ഗാനം. ഓരോ സുലൈമാനിയിലും ഒരു മൊഹബ്ബത്തുണ്ട് എന്ന് തിലകന്റെ കഥാപാത്രം ദുല്ഖറിനോട് പറയുംമ്പോഴും, കരീംക്കായുടെ ഹൂറിയെ പറ്റി പറയുമ്പോഴും ഈ ഗാനത്തിന്റെ സംഗീതം കേൾക്കാം.

വാതിലിൽ  ആ വാതിലിൽ കാതോർത്തു നീ നിന്നീലെ
പാതിയിൽ പാടാത്തൊരാ തേനൂറിടും ഇശലായ് ഞാൻ
ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചേർന്നു...’മികച്ച സംഗീതസംവിധായകൻ : എം.ജയചന്ദ്രൻ (ട്രിവണ്ട്രം ലോഡ്ജ്) 
മികച്ച ഗായകൻ : നിഖിൽ മാത്യൂ (അഴലിന്റെ ആഴങ്ങളിൽ) 
മികച്ച ഗായിക : ശ്രേയ ഗോഷാൽ (നിലാവെ നിലാവെ, കാർമുകിലിൽ) 
മികച്ച ഗാനരചന : റഫീക്ക് അഹമ്മദ് (സ്പിരിറ്റ്, ഡയമണ്ട് നെക്ക്ലേസ്, ഉസ്താദ് ഹോട്ടൽ)
മികച്ച പുതുമുഖഗായകൻ : നിവാസ് (നിലാ മലരെ)
മികച്ച പുതുമുഖഗായിക : രമ്യാ നമ്പീശൻ (ആണ്ടേ ലോണ്ടെ, മുത്തുചിപ്പി)
മികച്ച ആല്ബം : തട്ടത്തിൻ മറയത്ത് (ഷാൻ റഹ്മാൻ)

മികച്ച പശ്ചാത്തല സംഗീതം : ഗോപീ സുന്ദർ (ഉസ്താദ് ഹോട്ടൽ)